District News
കൊച്ചി : കടവന്ത്രയില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതി റിമാൻഡിൽ. കണ്ണൂര്‍ എന്‍സി ഹൗസില്‍ സഫീറി (38)നെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11ന് രാവിലെ 11 ന് കടവന്ത്ര കൗസ്തുഭം എന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് 4,50,000 ത്തോളം രൂപയുടെ സ്വര്‍ണമാണ് മോഷ്ടിച്ചത്.
വീട്ടുകാർ 13ന് മടങ്ങിയെത്തിയപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നല്കി. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങും
District News
ആലങ്ങാട്: മയക്കുമരുന്ന് കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലങ്ങാട് കോട്ടപ്പുറം ചീനവിള വീട്ടിൽ ആഷ്ലിൻ ഷാജിയെ(23)യാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ആലുവ വെസ്റ്റ്, പെരുമ്പാവൂർ, ചാലക്കുടി, പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിൽ വധശ്രമം,
ദേഹോപദ്രവമേൽപ്പിക്കൽ, കവർച്ച, സ്ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ്, മയക്കുമരുന്ന് വില്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ മേയിൽ 125 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
District News
കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ ഇടുക്കി സ്വദേശിയ്ക്കെതിരെ കൂടുതല്‍ പരാതികള്‍. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിനു സമീപം ബഥനി ടൂര്‍സ് എന്ന സ്ഥാപനം നടത്തുന്ന ഇടുക്കി സ്വദേശി കെ.ജെ. ജ്യോതിഷിനെ(43)തിരെയാണ് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ ഇരുപതോളം പരാതികള്‍ ലഭിച്ചത്.
ഇതില്‍ ഒരു കുടുംബത്തിലെ അംഗങ്ങളില്‍ നിന്നു മാത്രം ഇയാള്‍ ആറുലക്ഷം വാങ്ങി തട്ടിപ്പ് നടത്തിയതായും പരാതിയുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ മാത്രം നൂറിലധികം പരാതികള്‍ ഇയാള്‍ക്കെതിരെ മുമ്പ് ലഭിച്ചിരുന്നു.
ഓസ്ടേലിയലിലേയ്ക്കും യൂറോപ്പിലെ വിവിധ രാജ്യങ്ങളിലേയ്ക്കും ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞായിരുന്നു ജ്യോതിഷ് പണം വാങ്ങിയിരുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അഞ്ഞൂറോളംപേരില്നിന്ന് ഇയാള്‍ പണം തട്ടിയതായാണ് പ്രാഥമിക നിഗമനം. സുഹൃത്തിനൊപ്പം കഴിഞ്ഞിരുന്ന ഇയാളെ ബംഗളൂരു ഇന്ദിര നഗറില്‍ നിന്ന് വ്യാഴാഴ്ചയാണ് പോലീസ് പിടികൂടിയത്.
District News
മൂവാറ്റുപുഴ: സ്വർണ വ്യാപാരസ്ഥാപനത്തിന്റെ കാർ പാർക്കിംഗ് ഏരിയയിൽ പാതിരാത്രി അതിക്രമിച്ച് കയറി മോഷണം നടത്തിയയാളെ മൂവാറ്റുപുഴ പോലീസ് പിടികൂടി. വെസ്റ്റ്ബംഗാൾ സ്വദേശി ബാദുഷ ഷേക്കി(29)നെയാണ് മുവാറ്റുപുഴ എസ്ഐ ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ കെഎസ്ആർടിസി സ്റ്റാൻഡിനു സമീപമുള്ള സ്വർണ വ്യാപാരസ്ഥാപനത്തിന്റെ കാർ പാർക്കിംഗ് ഏരിയയിൽ രാത്രി അതിക്രമിച്ച് കയറി 30,000ത്തോളം രൂപ വില വരുന്ന കോപ്പർ സ്ട്രിപ്പ് മോഷ്ടിക്കുകയായിരുന്നു. നേരത്തെ ചെമ്പ് കമ്പി മോഷ്ടിച്ചതിന് കേസ് നിലവിലുണ്ട്.
Kerala
കോട്ടയം: അച്ഛനേയും മകനേയും വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖിൽ എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച ഉച്ചയോടെ കണ്ടെത്തിയത്.
ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഉച്ചയായിട്ടും വീടിനു പുറത്ത് ആരെയും കാണാത്തതിനാൽ അയൽവാസികൾ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
പൊൻകുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍ : 1056, 0471-2552056)
District News
ചങ്ങരംകുളം: കല്ലുർമ പാറക്കടവിൽ കൃഷി സ്ഥലത്ത് ശുചിമുറി മാലിന്യം തള്ളിയ ടാങ്കർ ലോറിയും ഡ്രൈവറെയും മണിക്കൂറുകൾക്കകം പിടികൂടി ചങ്ങരംകുളം പോലീസ്. ഇന്നലെ പുലർച്ചെയോടെയാണ് നീലയിൽ കോൾപടവിലെ പുഞ്ചപ്പാടത്തേക്ക് ടാങ്കറിൽ കൊണ്ടുപോവുകയായിരുന്ന ശുചിമുറി മാലിന്യം തള്ളിയത്.
ഏതാനും ദിവസം മുന്‍പും പ്രദേശത്ത് ഇത്തരത്തിൽ മാലിന്യം തള്ളിയിരുന്നു. പുഞ്ച കൃഷിയ്ക്ക് ഒരുങ്ങിയ കർഷകരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വന്നതോടെ പോലീസ് അന്വേഷണം ഉൗർജിതമാക്കുകയായിരുന്നു.
പ്രദേശത്തെ സിസി ടിവികൾ പരിശോധിച്ചാണ് മണിക്കൂറുകൾക്കകം മാലിന്യം തള്ളിയ വാഹനം പോലീസ് പിടികൂടിയത്. വാഹനം ഓടിച്ച ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെ ടുത്തു. കർഷകരുടെ പരാതിയിൽ കർശന നടപടികൾ സ്വീകരിക്കുമെന്ന് ചങ്ങരംകുളം സിഐ ഷൈൻ പറഞ്ഞു.
District News
വളയം: പോലീസ് സ്മൃതി ദിനത്തോടനുബന്ധിച്ച് കേരള ആംഡ് പോലീസ് ആറാം ബറ്റാലിയന് വളയം ഗവ. വെല്‍ഫെയര്‍ എല്‍പി സ്കൂള്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികള്‍ക്ക് പോലീസിന്റെ സേവനത്തെ കുറിച്ചു ബോധവല്‍ക്കരണം നല്കി. വിദ്യാര്ഥികളുടെമത്സരങ്ങള് അരങ്ങേറി. ബറ്റാലിയന് ഓഫീസര്‍ കമാന്‍ഡിംഗ് എപിഐ യാസര്‍ അറഫാത്ത് എടോത്ത്, എപിഎസ് ഐപിപി ജോമോന്, എം.എം. ശ്രീരാജ്, എപിഎഎസ് ഐ എ.കെ.അഖില, ഹെഡ്മാസ്റ്റര് ആര്.അബ്ദുള്‍ ലത്തീഫ്, വി.കെ.ഷിജിത്ത്, ഇ.സീന, എം.എസ്.സജീവന് എന്നിവര്‍ പങ്കെടുത്തു.
District News
അടൂര്‍: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായശേഷം 16 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്‍. പട്ടാഴി തെക്കേക്കര പൂക്കുന്നുമല അനിത ഭവനില്‍ ജിതിന് (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്.
കുട്ടിയുടെ മൊഴി പ്രകാരം പത്തനാപുരം പോലീസ് സീറോ എഫ് ഐ ആര് ആയി രജിസ്റ്റര്‍ ചെയ്ത് കേസ് ഏനാത്ത് പോലീസിന് കൈമാറുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇന്‍സ്പെക്ടര്‍ എ. അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
District News
കൊച്ചി: രാഷ്ട്രപതിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയില്‍ ഇന്ന് രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടുവരെ ഗതാഗത നിയന്ത്രണവും, ഡ്രോണ്‍ നിയന്ത്രണവും ഉണ്ടായിരിക്കും. വാഹനങ്ങള്‍ താഴെ പറയുന്ന രീതിയില്‍ വഴിതിരിഞ്ഞു പോകേണ്ടതാണ്:
ഫോര്‍ട്ടു കൊച്ചി, മട്ടാഞ്ചേരി ഭാഗത്തുനിന്നും ഹൈക്കോടതി, കണ്ടെയ്നര്‍ റോഡ്, ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തോപ്പുംപടി ബിഒടി പാലം കഴിഞ്ഞ് വലത്തു തിരിഞ്ഞ് അലക്സാണ്ടര്‍ പറമ്പിത്തറ പാലം വഴി കുണ്ടന്നൂര്‍, വൈറ്റില, കടവന്ത്ര ജംഗ്ഷനുകൾ പിന്നിട്ട് കെകെ റോഡിലൂടെ കലൂര്‍ ജംഗ്ഷനിലെത്തി കച്ചേരിപ്പടി വഴി ഹൈക്കോര്‍ട്ട്-കണ്ടെയ്നര്‍ റോഡ് ഭാഗത്തേക്ക് പോകേണ്ടതാണ്. അല്ലെങ്കിൽ ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജംങ്കാര്‍ സര്‍വീസ് ഉപയോഗിക്കണം.
തേവര ഫെറി ഭാഗത്തുനിന്നും കലൂര്‍ ഇടപ്പള്ളി ഭാഗത്തേക്ക് പോകുന്ന ചെറു വാഹനങ്ങള്‍ പണ്ഡിറ്റ് കറുപ്പന് റോഡിലൂടെ മട്ടമ്മല്‍ ജംഗ്ഷൻ, പനമ്പിള്ളി നഗര്‍ വഴി മനോരമ ജംഗ്ഷനില്‍ നിന്നും വലത്തു തിരിഞ്ഞ് കെ.കെ. റോഡിലൂടെ കലൂര്‍ ജംഗഷനിലേക്ക് പോകേണ്ടതാണ്.
വൈപ്പിന്‍ ഭാഗത്തുനിന്നും ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഹൈക്കോടതി ജംഗ്ഷനില്‍ നിന്നും കലൂര്‍ ജംഗ്ഷനിലെത്തി കെ.കെ. റോഡിലൂടെ കടവന്ത്ര ജംഗ്ഷനും സഹോദരന് അയ്യപ്പന് റോഡിലൂടെ വൈറ്റിലയും പിന്നിട്ട് കുണ്ടന്നൂര്‍ പാലം വഴി പോകേണ്ടതാണ്. അല്ലെങ്കില്‍ ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജംങ്കാര്‍ സര്‍വീസ് ഉപയോഗിക്കേണ്ടതാണ്.
വിവിഐപി വാഹന വ്യൂഹം കടന്നു പോകുന്ന വഴിയില്‍ ഗതാഗത തടസം ഉണ്ടാക്കുന്ന രീതിയിലുള്ള വാഹന പാര്‍ക്കിംഗ് പൂര്‍ണമായും നിരോധിച്ചിട്ടുണ്ടെന്നും വിവിഐപി സന്ദര്‍ശനം ഉളളതിനാല്‍ കൊച്ചി സിറ്റി പരിധിയില്‍ ഇന്ന് സമ്പൂര്‍ണ ഡ്രോണ്‍ നിയന്ത്രണം ഉണ്ടായിരിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.
District News
പെരുമ്പാവൂര്‍: സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വളയന്‍ചിറങ്ങര സ്വദേശി ജിസാർ മുഹമ്മദിനെ (37) ആണ് പെരുന്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ആസ്വാസ്ഥ്യത്തെ തുടർന്ന് ബഹളംവച്ച ഇയാളെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. കുത്തിവയ്പ്പ് എടുക്കുന്നതിനിടെ അക്രമാസക്തനായ പ്രതി അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ തലയില്‍ ഇടിക്കുകയായിരുന്നു. തടയാന്‍ചെന്ന സെക്യൂരിറ്റി ജീവനക്കാരനെയും മർദിച്ചു.
പോലീസ് ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
District News
മൂവാറ്റുപുഴ: എട്ട് മാസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം നടത്തിയിട്ടും തങ്ങളെ ശ്രദ്ധിക്കാത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് നിവേദനവുമായി മാര്‍ച്ച് നടത്തിയ ആശാ പ്രവര്‍ത്തകരെ പോലീസ് ക്രൂരമായി കൈയേറ്റം ചെയ്തതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴയില്‍ പ്രകടനവും യോഗവും നടത്തി. ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് ഡോ. എം.പി മത്തായി ഉദ്ഘാടനം ചെയ്തു. ഡോ. വിന്‍സെന്റ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.
District News
റാന്നി: റാന്നിയിലെ വിവിധയിടങ്ങളില്‍ വര്‍ധിച്ചുവരുന്ന കാട്ടുമൃഗ ശല്യത്തിനെതിരേ കോണ്‍ഗ്രസ് നേതൃത്വത്തില്‍ റാന്നി ഡിഎഫ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. വടശേരിക്കര, കുമ്പളത്താമണ്‍ മേഖലയില്‍ നാട്ടിലിറങ്ങിയ കാട്ടാനയുടെ പിണ്ടവുമായി ഡിഎഫ് ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. പിന്നീട് ഓഫീസ് പടിക്കല്‍ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.
വനത്തിനുള്ളില്‍ പ്ലാന്റേഷന് മേഖല സോളാര്‍ വേലി ഇട്ടു വനം വകുപ്പ് സംരക്ഷിക്കുമ്പോള്‍ കാട്ടു മൃഗങ്ങള്‍ നാട്ടില്‍ ഇറങ്ങി സൈ്വര വിഹാരം നടത്തുകയാണെന്ന് ധര്‍ണ ഉദ്ഘാടനം ചെയ്ത കെപിസിസി ജനറല്‍ സെക്രട്ടറി പി. മോഹന്‍രാജ് പറഞ്ഞു.
വനവും ജനവാസ മേഖലയും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ സോളാര്‍വേലി സ്ഥാപിക്കുവാന്‍ വനംവകുപ്പിനോ രാഷ്ട്രീയ നേതൃത്വത്തിനോ സാധിക്കാത്തത് വന്‍ വീഴ്ചയാണെന്നും മോഹന്‍രാജ് കുറ്റപ്പെടുത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സിബി താഴത്തില്ലത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ, ടി. കെ. സാജു, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, അഹമ്മദ് ഷാ, മണിയാര്‍ രാധാകൃഷ്ണൻ, തോമസ് അലക്സ്, രാജു മരുതിക്കൽ, പ്രകാശ് തോമസ് എ. കെ. ലാലു, സാംജി ഇടമുറി, ജെസി അലക്സ്, ഷിബു തോണിക്കടവിൽ, സ്വപ്ന സൂസന് ജേക്കബ്, ഗ്രേസി തോമസ്, അന്നമ്മ തോമസ്, ജോയ് കാനാട്ട്, ഭദ്രന് കല്ലക്കല്‍, റൂബി കോശി,
സോണിയ മനോജ്, ടി. കെ. ജയിംസ്, അനിത അനില്‍ കുമാര്‍, വി. പി. രാഘവൻ, അബ്ദുല്‍ റസാക്ക്, പ്രമോദ് മന്ദമരുതി, തോമസ് ഫിലിപ്പ്, ജയിംസ് കക്കാട്ടുകുഴിയില്‍, ഷാജി നെല്ലിമൂട്ടിൽ, കെ. ഇ. തോമസ്, ബിനു വയറന്മരുതിയിൽ, ജോര്‍ജ് ജോസഫ്, ഡി. ഷാജി, ബെന്നി മാടത്തുംപടി, ജി. ബിജു, ജയിംസ് രാമനാട്ട്, രഞ്ജി പതാലിൽ, കെ. കെ. തോമസ്, സുനി എന്നിവര്‍ പ്രസംഗിച്ചു.
District News
പരിശോധന കർശനമാക്കി പോലീസ്
മഞ്ചേരി: കൗമാരക്കാർ മോട്ടോർ സൈക്കിളിൽ കറങ്ങി രക്ഷിതാക്കൾക്ക് ധനനഷ്ടവും മാനനഷ്ടവും ഉണ്ടാക്കുന്നത് പതിവാകുന്നു. ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് ഗുരുതര കുറ്റമായാണ് കണക്കാക്കുന്നത്. എന്നാൽ പതിനെട്ട് വയസ് തികയാതെ വാഹനമോടിച്ചാൽ കുറ്റം ഗുരുതരമാകും.
വാഹനത്തിന്റെ ഉടമക്കും രക്ഷിതാവിനും നിയമത്തിന്റെ നൂലാമാലകളിൽ കറങ്ങാനും പിഴയടക്കാനും മാത്രമേ നേരം കാണൂ. ഇത്തരത്തിൽ വാഹനമോടിക്കുന്നതിനെതിരേ സംസ്ഥാന സർക്കാർ ജിഒ (പി) നന്പർ 37/2019 പ്രകാരം പ്രത്യേക ഉത്തരവ് തന്നെ ഇറക്കിയിട്ടുണ്ട്. പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയാൽ 1988ലെ മോട്ടോർ വാഹന നിയമം 199 എ പ്രകാരം മൂന്ന് വർഷം വരെ തടവും 25000 രൂപ വരെ പിഴയും ശിക്ഷ ലഭിച്ചേക്കാം.
ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദേശ പ്രകാരം സ്പെഷൽ ഡ്രൈവിലൂടെ (ഓപറേഷൻ ലാസ്റ്റ് ബെൽ) പരിശോധന കർശനമാക്കിയിരിക്കയാണ് പോലീസ്. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന പരിശോധനയിൽ നിരവധി കുട്ടി ഡ്രൈവർമാർ പിടിയിലായി.
ഹെൽമെറ്റില്ലാതെയും മൂന്ന് പേർ യാത്ര ചെയ്തതും അമിത വേഗതയിൽ ബൈക്കോടിച്ചതിനുമാണ് പിടിയിലായത്. വാഹനത്തിനന്റെ ആർസി ഉടമയെ വിളിച്ചു വരുത്തി പിഴ ഈടാക്കിയും കുട്ടികളെ താക്കീത് നൽകിയും വിട്ടയക്കുകയായിരുന്നു. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.
District News
പത്തനംതിട്ട: ഒരു ദശാബ്ദം പിന്നിട്ട കരിക്കിനേത്ത് കൊലപാതകവുമായി ബന്ധപ്പെട്ട് റൗഡി ലിസ്റ്റിൽ പ്പെട്ട അഭിഭാഷകനെ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ച സംഭവത്തിൽ ഡിഐജി അന്വേഷണം തുടങ്ങി. ആലപ്പുഴ ഡിവൈഎസ്പി എം.ആർ മധുബാബു മുഖ്യമന്ത്രിക്ക് നൽകിയ പരാതിയേ തുടർന്നാണ് അന്വേഷണം.
പത്തനംതിട്ട കരിക്കിനേത്ത് ടെക്സ്റ്റൈൽസിലെ ജീവനക്കാരനായിരുന്ന ബിജു എം.ജോസഫ് 2013 നവംബർ അഞ്ചിന് കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി പ്രശാന്ത് വി. കുറുപ്പിനെ നിയമിക്കാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി നൽകിയ നിർദേശമാണ് വിവാദമായത്.
2015 -ൽ കുറ്റപത്രം സമർപ്പിച്ച കേസിൽ പത്തുവർഷമായിട്ടും വിചാരണ ഉണ്ടായില്ല. എന്നാൽ ഇപ്പോൾ കേസ് കോടതിയിൽ പരിഗണിച്ചിരിക്കുകയാണ്. ഡിവൈഎസ്പി മധുബാബു പത്തനംതിട്ട സിഐ ആയിരുന്നപ്പോൾ, പത്തനംതിട്ട ബാറിലെ അഭിഭാഷകനായിരുന്ന പ്രശാന്ത് വി. കുറുപ്പുമായി ചില അഭിപ്രായ ഭിന്നതകൾ നിലനിന്നിരുന്നു. പിന്നീട് പത്തനംതിട്ടയിൽ നിന്നും സ്ഥലം മാറിപ്പോയ മധുബാബു ഇപ്പോൾ ആലപ്പുഴ ഡിവൈഎസ്പിയാണ്.
പത്തു വർഷത്തിനു ശേഷം കേസ് കോടതിയിൽ വരുമ്പോൾ സ്പെഷൽ പ്രോസിക്യൂട്ടറായി പ്രശാന്ത് വി.കുറുപ്പ് എത്തുന്നത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയന്നാണ് ഡിവൈഎസ്പി മധുബാബു പത്തനംതിട്ട എസ്പി വി.ജി. വിനോദ് കുമാറിനെതിരേ പരാതിയുമായി രംഗത്തു വന്നത്.
ഇക്കാര്യം എസ്പി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. അഭിഭാഷകൻ പ്രശാന്ത് വി. കുറുപ്പ് റൗഡിലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നതാണ് ഡിഐജി അന്വേഷിക്കുന്നത്. സ്പെഷൽ പ്രോസിക്യൂട്ടറായി അദ്ദേഹത്തെ നിയമിക്കുന്നതിന് മുമ്പു തയാറാക്കിയ പോലീസ് വേരിഫിക്കേഷൻ റിപ്പോർട്ടും പരിശോധിക്കും. കൂടാതെ കരിക്കിനേത്ത് കൊലപാതകത്തിന്റെ നാൾ വഴികളും ഇതിന്റെ ഭാഗമാകും.
ഭാര്യയുമായി നിലനിന്ന കുടുംബ പ്രശ്നം മാത്രം കണക്കിലെടുത്ത് 2014 കാലത്താണ് അന്നത്തെ പത്തനംതിട്ട സിഐ ആയിരുന്ന മധു ബാബു പ്രശാന്തിനെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്തുകയായിരുന്നുവെന്ന ആരോപണവുമുണ്ട്.
സ്വഭാവദൂഷ്യം, കൊലപാതക ശ്രമം, സാക്ഷിയെ ഭീഷണിപ്പെടുത്തൽ, മകളെ അജ്ഞാത കേന്ദ്രത്തിൽ പാർപ്പിക്കുക തുടങ്ങിയവയാണ് കേസിന് ആധാരം. കരിക്കിനേത്ത് കേസിലെ പ്രതികൾക്കുവേണ്ടി കേരളത്തിലെ ഉന്നത അഭിഭാഷകരാണ് ഹാജരാകുന്നത്.
ഒന്നാം പ്രതി കരിക്കിനേത്തിനു വേണ്ടി പ്രമുഖ അഭിഭാഷകൻ ബി.രാമൻപിള്ളയും രണ്ടാം പ്രതി ബേബി കരിക്കിനേത്തിനായി സുനിൽ മഹേശ്വരനും മൂന്നാം പ്രതി ജോഷ്വാ കരിക്കിനേത്തിനു വേണ്ടി നവീൻ എം. ഈശോയുമാണ് ഹാജരാകുന്നത്. പബ്ളിക് പ്രോസിക്യൂട്ടറായി നിയമിക്കാൻ പോലീസ് നിരവധി അഭിഭാഷകരെ സമീപിച്ചിരുന്നു. എന്നാൽ അവരെല്ലാം ഒഴിഞ്ഞു മാറിയപ്പോഴാണ് കേസ് എറ്റെടുക്കാൻ പ്രശാന്ത് വി. കുറുപ്പ് സന്നദ്ധത അറിയിച്ചതെന്നും പറയുന്നു.
District News
നെടുമങ്ങാട്: വീട്ടിൽ പരിശോധനയ്ക്ക് എത്തിയ എക്സൈസ് സംഘത്തെക്കണ്ട് ഓടിയ യുവാവി നു കുഴിയിൽവീണു പരിക്കുപറ്റി. ആര്യനാട് വിനോബാനികേതൻ മണ്ണാറം എം.ആർ. ഹൗസിൽ ബൈജുമോന്‍ (46) ആണ് കാലിന് ഗുരുതര പരിക്കേറ്റത്. എക് സൈസ് ഉദ്യോഗസ്ഥർ നാട്ടുകാരെ വിളിച്ചു കൂട്ടി ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു.
ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.വീട്ടിൽ ഭക്ഷണം കഴിക്കാനായി എത്തിയ ബൈജു വീടിനുള്ളിൽ എക് സൈസ് ഉദ്യോഗസ്ഥരെക്കണ്ട് പുറത്തേയ്ക്കിറങ്ങി ഓടുകയായിരുന്നു. വീടിന് സമീപത്തെ മുള്ളുവേലി ചാടിക്കടന്നു പോകുന്നതിനിടെ ബൈജു കുഴിയിലേക്ക് വീഴുകയായിരുന്നു. ഉടൻതന്നെ എക്സൈസ് സംഘം 108 ആംബുലൻസ് എത്തിച്ച് ഭാര്യക്കൊപ്പം കയറ്റി മെഡിക്കൽ കോളെജിലേയ്ക്ക് അയച്ചു.
നെടുമങ്ങാട് എക്സൈസ് സംഘമാണ് വന്നതെന്നും ഭാര്യയിൽനിന്നും ചില വെള്ളപേപ്പറുകളിൽ സംഘം ഒപ്പിട്ടുവാങ്ങിയെന്നും ബൈജു പറയുന്നു.ബൈജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
District News
പേരൂര്‍ക്കട: ബസിലെ യാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് മോഷ്ടിച്ച തമിഴ്നാട് സ്വദേശിനികളെ പേരൂര്‍ക്കട പോലീസ് പിടികൂടി. ചെന്നൈ അടയാര്‍ സ്വദേശിനികളായ പാര്‍വതി (40), മഹേശ്വരി (33) എന്നിവരാണു പിടിയിലായത്.
ചൊവ്വാഴ്ച വൈകുന്നേരം നാ ലോടെയായിരുന്നു സംഭവം. പേരൂര്‍ക്കടയില്‍നിന്ന് അമ്പലമുക്കുവഴി തിരുവനന്തപുരത്തേക്ക് സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരിയും പാലോട് സ്വദേശിനിയുമായ ഗിരിജയുടെ പഴ്സാണ് പ്രതികള്‍ കവര്‍ന്നത്. ബസ് അമ്പലമുക്കിലെത്തിയപ്പോഴാണ് പഴ്സ് നഷ്ടപ്പെട്ട വിവരം ഗിരിജ അറിയുന്നത്. അപ്പോഴേക്കും സ്ത്രീകള്‍ മുങ്ങിയിരുന്നു.
പരാതിയെത്തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ കുടപ്പനക്കുന്ന് ഭാഗത്തുനിന്നാണ് ഇരുവരും പിടിയിലാകുന്നത്. പാര്‍വതി, മഹേശ്വരി എന്നിവര്‍ക്കെതിരേ തിരുവനന്തപുരം നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.
District News
പേരൂര്‍ക്കട: വ്യാജ പ്രമാണവും വ്യാജ ആധാര്‍ കാര്‍ഡും ചമച്ചു വീടും വസ്തുവും തട്ടിയെടുത്ത രണ്ടുപേരെ മ്യൂസിയം പോലീസ് പിടികൂടി. കൊല്ലം പുനലൂര്‍ അലയമണ്‍ കോടാലി പച്ച ഓയില്‍ ഫാം പഴയ ഫാക്ടറിക്കു പിറകുവശം പുതുപ്പറമ്പില്‍ വീട്ടില്‍ മെറിന് ജേക്കബ് (27), കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാട്ടു വീട്ടില്‍ വസന്ത (76) എന്നിവരാണ് പിടിയിലായത്.
കവടിയാര്‍ ജവഹര്‍ നഗറിലെ ഡോറ അസറിയ ക്രിപ്സിന്റെ ഉടമസ്ഥതയിലുള്ള വീടും സ്ഥലവുമാണ് പ്രതികള്‍ കൈക്കലാക്കിയത്. രേഖകള്‍ വ്യാജമായി ഉണ്ടാക്കി യഥാര്‍ഥ വസ്തു ഉടമസ്ഥനെ മാറ്റിയശേഷം പകരം രൂപസാദൃശ്യമുള്ള മറ്റൊരാളെ ചേര്‍ത്തായിരുന്നു തട്ടിപ്പു നടത്തിയത്.
ഡോറയുടെ പേരിലുള്ള വീട് ജനുവരി മാസം മെറിന് ജേക്കബ് എന്ന ആള്‍ക്ക് ഡോറയുടെ അറിവോ സമ്മതമോ ഇല്ലാതെ ധനനിശ്ചയം എഴുതിക്കൊടുക്കുകയും മെറിന് ജേക്കബ് ആ മാസം തന്നെ ചന്ദ്രസേനന് എന്ന ആള്‍ക്ക് വസ്തു വിലയാധാരം എഴുതി കൊടുക്കുകയുമായിരുന്നു.
ഡോറ അമേരിക്കയില്‍ താമസിച്ചുവരുന്ന കാലത്താണ് ഈ സംഭവം ഉണ്ടാകുന്നത്. ഡോറയുടെ വളര്‍ത്തുമകളാണ് മെറിന് ജേക്കബ് എന്നു വരുത്തിത്തീര്‍ത്താണ് വസ്തുവിന്റെ പ്രമാണം നടത്തിയത്. വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ് എന്നിവ പോലീസ് കണ്ടെത്തുകയും രജിസ്ട്രാര്‍ ഓഫീസിലെ റിക്കാർഡുകൾ പരിശോധിക്കുകയും ചെയ്തു.
അതിലെ വിരലടയാളങ്ങള്‍ ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ പരിശോധന നടത്തിയപ്പോഴാണ് പ്രതികളിലേക്ക് അന്വേഷണം എത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികള്‍ ഉള്ളതായി പോലീസ് അറിയിച്ചു.
അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റ്യുവര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ മ്യൂസിയം സിഐ വിമല്‍, എസ്ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യന്, സിപിഒമാരായ ഉദയന്‍, രഞ്ജിത്ത്, ഷിനി, ഷംല, അരുണ്‍, അനൂപ്, സാജന്, പത്മരാജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി.
District News
നെടുമങ്ങാട്: കെഎസ്ആർടിസി റിട്ട. സ്റ്റേഷൻ മാസ്റ്ററെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യാ സഹോദരൻ ജെ. ഷാജഹാനെ (52) നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. നെട്ടിറച്ചിറ ആസിഫ് മൻസിലിൽ അഷറഫി (68)നെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃശൂർ മെഡിക്കൽ കോളജിൽ ബിരുദാനന്തര ബിരുദ മെഡിക്കൽ വിദ്യാർഥിയായ ഏക മകൻ ഡോ. ആസിഫിനൊപ്പം താമസിച്ചിരുന്ന അഷറഫ് ഒരാഴ്ച മുൻപാണ് നെട്ടിറച്ചിറയിലെ കുടുംബ വീട്ടിൽ എത്തിയത്. ഭാര്യ മാജിദ രണ്ടു വർഷം മുൻപ് മരിച്ചതിനാൽ അഷറഫ് ഒറ്റക്കായിരുന്നു കുടുംബ വീട്ടിൽ താമസം.
കുടുംബ വീട്ടിലെത്തുമ്പോഴാണ് ഭാര്യക്കു കുടുംബ ഓഹരിയായി കിട്ടിയതെന്നു പറയുന്ന ഭൂമിയിൽനിന്നും അഷറഫ് ആദായമെടുത്തിരുന്നത്. പതിവുപോലെ ഇത്തവണയും കഴിഞ്ഞ തിങ്കളാഴ്ച ആദായമെടുക്കാനായി പണിക്കാരനേയും കൂട്ടി പറമ്പിലെത്തിയ അഷറഫിനെ സമീപത്തു താമസിക്കുന്ന ഭാര്യാ സഹോദരൻ ജെ. ഷാജഹാൻ തന്റെ സ്ഥലത്തുനിന്ന് ആദായമെടുക്കരുതെന്നു പറഞ്ഞു വിലക്കുകയായിരുന്നു.
ഇതു വകവയ്ക്കാതെ പണിക്കാരനൊപ്പം മുന്നോട്ടു നീങ്ങിയ അഷറഫിനെ ഷാജഹാൻ കൈയേറ്റം ചെയ്യുകയും ചെയ്തു. പരിക്കേറ്റ അഷറഫ് നെടുമങ്ങാട് താലൂക്കു ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിനു പരാതി നൽകുകയും ചെയ്തിരുന്നു.
എന്നാൽ കഴിഞ്ഞ ദിവസം പുലർച്ചെ അഷറഫിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാലിനേറ്റ അടിയിൽ നിന്നുമുള്ള ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നു സ്ഥിരീകരിച്ചു. കാലിലേറ്റ പരിക്കുമൂലം പ്രമേഹ രോഗിയായ അഷ്റഫിനു രക്തസമ്മർദം കൂടിയാണു മരണം സംഭവിച്ചതെന്നും വ്യക്തമായി.
ഇതിന്റെ അടിസ്ഥാനത്തിലാണു നെടുമങ്ങാട് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്തതിൽ തർക്കമുണ്ടായതായും അഷറഫിനെ മർദിച്ചതായും പ്രതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. രാവിലെ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിയാണ് പോലീസ് മേധാവിയെ തെരഞ്ഞെടുത്തത്. വൈകുന്നേരം മൂന്നിന് പുതിയ പോലീസ് മേധാവി ചുമതലയേറ്റെടുക്കും.
യുപിഎസ്സി കൈമാറിയ മൂന്നംഗ പട്ടികയിലെ രണ്ടാമനായിരുന്നു ഐബി സ്പെഷൽ ഡയറക്ടറായ റവാഡ ചന്ദ്രശേഖർ. നിധിൻ അഗർവാൾ, യോഗേഷ് ഗുപ്ത എന്നിവരും പട്ടികയിൽ ഉണ്ടായിരുന്നു. നിലവിലെ പോലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഇന്ന് വിരമിച്ച സാഹചര്യത്തിലാണ് പുതിയ പോലീസ് മേധാവിയെ തെരഞ്ഞെടുത്തത്.
ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശിയായ റവാഡ ചന്ദ്രശേഖർ 1991 ഐപിഎസ് ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനാണ്. ദീർഘകാലമായി അദ്ദേഹം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്. കേന്ദ്ര കാബിനറ്റ് സെക്രട്ടറിയേറ്റിൽ സുരക്ഷ ചുമതലയുള്ള കാബിനറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹത്തിന് ഒരുവർഷം കൂടി സർവീസ് കാലാവധിയുണ്ട്.
തലശേരി എഎസ്പിയായി സർവീസ് ആരംഭിച്ച റവാഡ കൂത്തുപറമ്പു വെടിവയ്പ്പിനെ തുടർന്ന് സസ്പെഷനിലായിരുന്നു. പിന്നീട് സർവീസിൽ തിരിച്ചെത്തിയ അദ്ദേഹം വിവിധ ജില്ലകളിൽ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചു.
ഐബിയിലേക്ക് ഡപ്യൂട്ടേഷനിൽ പോയ അദ്ദേഹം നക്സൽ ഓപ്പറേഷൻ ഉള്‍പ്പെടെ രഹസ്യന്വേഷണ വിഭാഗത്തിലെ നിർണായക തസ്തികകളിൽ ജോലി ചെയ്തു. പിന്നീട് ഐബി സ്പെഷൽ ഡയറക്ടറായി സേവനമനുഷ്ഠിക്കവേയാണ് സംസ്ഥാന പോലീസ് മേധാവി തസ്തികയിലേക്ക് വരാൻ താത്പര്യമറിയിച്ചത്. ഭാര്യ: സരിത. കാർത്തിക്, വസിഷ്ഠ് എന്നിവരാണ് മക്കള്‍.
District News
പേരൂര്‍ക്കട: മരുതൂര്‍ കൊലപാതകത്തിലെ പ്രതികളെ മണ്ണന്തല പോലീസ് കസ്റ്റഡിയില്‍ വാങ്ങി. പോത്തന്‍കോട് സ്വദേശി ഷംഷാദ് ഷഫീഖ്, ചെമ്പഴന്തി സ്വദേശി വിശാഖ് എന്നിവരെ കസ്റ്റഡിയില്‍ വാങ്ങിയത്. ഇവരെ ഇന്നു വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പിന് എത്തിക്കും. വെള്ളിയാഴ്ച പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുമെന്നു പറഞ്ഞിരുന്നുവെങ്കിലും കസ്റ്റഡിയില്‍ വാങ്ങാന്‍ വൈകിയതാണ് തെളിവെടുപ്പ് ഇന്നത്തേക്കു മാറ്റാന്‍ കാരണം.
ജൂണ്‍ 21ന് മരുതൂരിലെ ഒരു ഹോം സ്റ്റേയില്‍ ഷഹീന എന്ന യുവതി മരിച്ചതുമായി ബന്ധപ്പെട്ടാണ് ഇവരുടെ സഹോദരന് ഷംഷാദും സുഹൃത്ത് വിശാഖും പോലീസിന്റെ പിടിയിലായത്. ഷംഷാദ് യുവതിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു.
District News
വെള്ളറട: വെള്ളറടയില്‍ മുളകുപൊടി എറിഞ്ഞ് വീട്ടമ്മയുടെ മാല കവര്‍ന്നു.ദേവിപുരം സ്വദേശി തങ്കമ്മപിള്ള (62) യുടെ മൂന്നു പവനോളം തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കിയെത്തിയ മോഷ്ടാവ് അടുക്കളയില്‍ നില്‍ക്കുകയായിരുന്നു തങ്കമ്മയുടെ മുടി കുത്തിപ്പിടിച്ച ശേഷം മുഖത്ത് മുളകുപൊടി എറിഞ്ഞ് മാല കവരുകയായിരുന്നു.
ഇന്നലെ വൈകുന്നേരത്തായിരുന്നു സംഭവം. തങ്കമ്മയുടെ നിലവിളികേട്ട് നാട്ടുകാര്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. മുഖവും തലയും മറച്ച് റെയിന്‍ കോട്ട് ധരിച്ചായിരുന്നു മോഷ്ടാവ് വീട്ടിനുള്ളില്‍ പ്രവേശിച്ചത്. പിടിവലിയില്‍ കഴുത്തിനു പരിക്കേറ്റു.
തങ്കമ്മ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. കേസെടുത്ത വെള്ളറട പോലീസ് പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്.